മഴനനയാൻ എനിക്കിഷ്ടമാണ്
തിമിർത്തുപെയ്യുന്ന കർക്കിടക രാവും
മിന്നൽ പിണർക്കുന്ന വേനൽ മഴയും
കവിത പോലെ എന്നെ തേടി എത്തുന്ന രാത്രിമഴയും
നനയാൻ എനിക്കിഷ്ടമാണ്
നിറഞ്ഞു തുളുമ്പുന്ന തോട്ടിൻ കരയിലെ ഏകാന്തമായും
നീന്തി തുടിക്കുന്ന കുളത്തിന് നടുവിൽ കൂടെ പിറപ്പുകൾക്കൊപ്പവും
കളിച്ചു തിമിർത്ത മൈതാന മധ്യത്തിൽ കൂട്ടുകാർക്കൊപ്പവും നിന്നും
മഴനനഞ്ഞ ഓർമകൾ എന്നെ ഇപ്പോഴും
ആ മഴകൾ നനയിക്കാറുണ്ട്
അതുകൊണ്ടു തന്നെ മഴ നനയാൻ എനിക്കെന്നും
ഇഷ്ടമാണ്
എപ്പോഴോ 'അമ്മ പാടിയ താരാട്ടിനൊപ്പം
ഇറയചാലിലെ ഓലക്കുടിലിൽ നിന്ന് മഴ പാടി വന്ന
താരാട്ടു പാട്ടും ഇപ്പോഴും എന്നെ മഴ നനയിക്കുന്നുണ്ട്
അതുകൊണ്ടു തന്നെ മഴ നനയാൻ എനിക്കെന്നും
ഇഷ്ടമാണ്
ഇപ്പോഴും ഒരു മഴ ഞാൻ നനയുന്നുണ്ട്
എന്നെ കുളിർപ്പിച്ചുകൊണ്ടാണ് അത്
കടന്നുപോകുന്നത്
ഈ മഴ തോരാതെ മണ്ണിനോടൊപ്പം അലിഞ്ഞു ചേരുമ്പോഴും
പെയ്തുതീരാതെ ആകാശവും ഭൂമിയും ഒന്നായിത്തീരുന്നത്
വരെ എന്റെ ആത്മാവ് ഇല്ലാതാവുന്നത് വരെ എനിക്ക് ഈ മഴ നനയണം